By adminn |September 23,2017
'എന്റെ യാത്രകളിൽ റേഡിയോ മാറ്റൊലി എനിക്ക് കൂട്ട്'- ശ്രീ പി. കെ അസ്മത്ത് (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
സാമൂഹിക പ്രതിബദ്ധതയോടെ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി വികസനത്തിനുവേണ്ടി ജനകീയമായി ഇടപെടാൻ ഭൂരിപക്ഷസമയവും മാറ്റിവയ്ക്കുന്ന കേരളത്തിൽ ആകെയുള്ള ഒന്നും ഒന്നാമത്തേതുമായ മാധ്യമ മുന്നേറ്റമാണ് റേഡിയോ മാറ്റൊലിയെന്ന് വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി. കെ അസ്മത്ത് പ്രസ്താവിച്ചു. സാമൂഹിക റേഡിയോ മാറ്റൊലിയുടെ ദ്വാരകയിലെ റേഡിയോനിലയത്തിൽ സംഘടിപ്പിച്ച മാറ്റൊലിക്കൂട്ടം ഭാരവാഹികളുടെ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതയാത്രയിലും ജനപ്രതിനിധിയാത്രകളിലും റോഡുകളിലെ ഏകാന്തതകളിൽ എന്റെ അടുത്ത കൂട്ടുകാരനാണ് റേഡിയോ മാറ്റൊലിയെന്നും അദ്ദേഹം വെളിപ്പെടുത്തി. നെൽപ്പാടങ്ങളും മറ്റു വിളവുകളും എങ്ങനെ കൂടുതൽ ഉൽപാദനക്ഷമമാക്കാമെന്ന ഏറ്റവും ആധുനികമായ വിവരങ്ങളാണ് മാറ്റൊലി കർഷകർക്ക് കൈമാറുന്നത്. ഗോത്രവർഗ്ഗക്കാരുടെ ഭാഷയിൽ അവർ തന്നെ സർക്കാർ സംരംഭങ്ങളും പദ്ധതികളും അവരിലെത്തിക്കുന്ന പരിപാടികൾ ഏറെ ശ്ലാഘനീയമാണ്.
യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷാ വിജയൻ റേഡിയോ മാറ്റൊലിയുടെ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു. പട്ടികവർഗ്ഗമേഖലയിലുള്ള ഒരുപാട് പ്രശ്നങ്ങൾക്ക് പ്രതിവിധിയായി യാതൊരു ശമ്പളമോ ലാഭമോ ഇല്ലാതെ പ്രവർത്തിക്കുന്ന മാറ്റൊലിയുടെ കേന്ദ്ര, പ്രാദേശിക നേതാക്കളെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാവുകയില്ലെന്ന് അവർ സൂചിപ്പിച്ചു. ഗ്രാമപഞ്ചായത്തുകളിലൂടെ നടത്തുന്ന സർവ്വോദയ സദസ്സ് വളരെയധികം വിലപ്പെട്ടതാണെന്നും അവർ പങ്കുവച്ചു. ഓണത്തോടനുബന്ധിച്ച് നടത്തിയ ഓണപ്പാട്ടുമത്സരങ്ങളിൽ വിജയികളായവർക്ക് ബത്തേരി മുൻസിപ്പൽ കൗൺസിലർ ശ്രീമതി ബിന്ദു സുധീർ ബാബു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സമ്മേളനത്തിന് സ്റ്റേഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുത്തേൻ സ്വാഗതവും മാറ്റൊലിക്കൂട്ടം കേന്ദ്രസമിതി ജനറൽ കോർഡിനേറ്റർ ശ്രീ ഷാജു പി. ജയിംസ് നന്ദിയും അർപ്പിച്ചു. ഫാ. സന്തോഷ് കാവുങ്കൽ, ഫാ. മനോജ് കാക്കോനാൽ, ഫാ. ജസ്റ്റിൻമാത്യു എന്നിവർ വിവിധ ക്ലാസ്സുകൾ നയിച്ചു. ചർച്ചകൾക്ക് ജിത്തു ബത്തേരി, ചാക്കോ വെള്ളമുണ്ട, സുലോചന തരിയോട്, ആസ്യ കൂളിവയൽ എന്നിവർ നേത്യത്വം നൽകി. റേഡിയോ ടവ്വർ, സ്റ്റുഡിയോ മുതലായവ സന്ദർശിക്കുകയും പ്രക്ഷേപണപ്രവർത്തനങ്ങൾ പഠിയ്ക്കുകയും ചെയ്ത് നൂറോളം മാറ്റൊലിക്കൂട്ടം ഭാരവാഹികൾ ഏകദിന ശില്പശാലയിൽ പങ്കെടുത്തു.